Sunday, August 26, 2012

മഴക്കാലം ഓര്‍മ്മകളെ ഉണര്‍ത്തുന്ന കാലം




മഴക്കാലം ഓര്‍മ്മകളെ ഉണര്‍ത്തുന്ന കാലമാണ്. കുട്ടിക്കാലങ്ങളില്‍ മഴപെയ്യുമ്പോള്‍ മഴയത് തുള്ളി ചാടി കളിച്ചിരുന്നതും, മഴയത്ത് കളിക്കുമ്പോള്‍ അമ്മ വന്നു ചീത്ത പറയുകയും മഴയത്ത് നിന്ന് പിടിച്ചു കയറ്റി അമ്മയുടെ സാരിയുടെ തലകൊണ്ട് തല തോര്‍ത്തി തരുന്നതും കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടി മുഴങ്ങുമ്പോള്‍ പേടിച്ചു വീടിന്റെ ഉള്ളിലേക്ക് ഓടി കയറുന്നതും. നല്ല കാറ്റ് വരുമ്പോള്‍ അമ്മയെ കെട്ടി പിടിച്ചു നില്‍ക്കുന്നതും തണുക്കുമ്പോള്‍ അമ്മയുടെ കൂടെ പോയി കിടക്കുന്നതും അങ്ങനെ മഴക്കാലം കുട്ടിക്കാലത്ത് നമുക്ക്‌ തന്ന നല്ല ഓര്‍മ്മകള്‍ ആണ്... 

ചില ദിവസങ്ങളില്‍ മഴ തോരാതെ പെയ്യുമ്പോള്‍ പലരും എന്തൊരു നശിച്ച മഴ എന്ന് ശപിക്കുന്നത് കേള്‍ക്കാം. മഴയെ എത്ര ശപിച്ചാലും മനസ്സ് കൊണ്ട് നമ്മള്‍ എല്ലാവരും മഴയെ ഒത്തിരി ഇഷ്ടപ്പെടുന്നു...ചിലര്‍ക്ക് മഴയോട് പ്രണയം, സ്നേഹം അങ്ങനെ മഴയെ ഇഷ്ടപ്പെടാത്തവര്‍ ഇല്ല....മേടത്തില്‍ നിനച്ചിരിക്കാതെ വന്നെത്തുന്ന 'കള്ളമഴ'കളെ നേരിടാന്‍ പുരകള്‍ വിഷുവിന് മുന്‍പേ കെട്ടിമേഞ്ഞിരുന്നു എന്റെ ചെറുപ്പക്കാലങ്ങളില്‍ ...ഇന്ന് അങ്ങനെ ഉള്ള വീടുകള്‍ ഇല്ലല്ലോ ....അന്ന് നെയ്പ്പുല്ലും മെടഞ്ഞ ഓലയും കൊണ്ടാണ് 'പുരകെട്ടു'കള്‍ നടത്തിയിരുന്നത്. പുര കെട്ടുന്ന ആ സമയത്ത് സ്കൂള്‍ അവധി ആയതിനാല്‍ ഒരു ഉത്സവം പോലെ ആണ് പുര കെട്ടുന്നത് ആഘോഷിച്ചിരുന്നത് എല്ലാം ഇന്നും നല്ല ഓര്‍മ്മകള്‍ ആയി മനസ്സില്‍ നില്‍ക്കുന്നു. 

മഴയെ കുറിച്ച് നമ്മുടെ മലയാളത്തിന്റെ പ്രിയ കവികള്‍ തന്നെ ഒരുപാട് എഴുതിയിട്ടുണ്ടല്ലോ... മഴക്കാലം വായനക്കാലം കൂടിയാണ് എന്ന് പറയാറുണ്ട്‌. വായന ഗൗരവമായി എടുത്ത ഏതൊരാള്‍ക്കും മഴയുടെ ശബ്ദങ്ങള്‍ക്കൊപ്പം മാത്രം ഓര്‍മ്മിക്കാവുന്ന ചില പുസ്തകങ്ങളെങ്കിലുമുണ്ടാവും. മുട്ടത്തുവര്‍ക്കിയും കാനവും എം.ടിയും ഉറൂബൂം ബഷീറും നന്തനാരും പാറപ്പുറത്തും അങ്ങനെ മലയാളത്തിന്റെ ഒത്തിരി പ്രിയ കവികള്‍ ബാല്യകൗമാരങ്ങളില്‍ മഴയുടെ നാനാര്‍ത്ഥങ്ങള്‍ക്കൊപ്പം എന്നിലേക്ക് കുടിയേറിയവരാണ്. 

ഓരോ മഴക്കാലം വരുമ്പോഴും നമ്മുക്ക് മഴക്കാലം തന്നു പോയ നല്ല നല്ല ഓര്‍മ്മകളെ വീണ്ടും വീണ്ടും ഉണര്‍ത്തുന്നു....